ചെറുകിട ബിസിനസുകള്‍ക്കും ഇനി ആത്മനിര്‍ഭര്‍ വായ്പ; പദ്ധതി വിപുലീകരണ പ്രഖ്യാപനം അടുത്ത ബജറ്റില്‍

കൊച്ചി: കൊവിഡിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ അവതരിപ്പിച്ച പ്രത്യേക വായ്പാ പദ്ധതിയായ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം ചെറുകിട ബിസിനസ് മേഖലകള്‍ക്കും കൂടി ലഭ്യമാക്കിയേക്കുമെന്ന് സൂചന. 2022ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലാകും പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക.

കഴിഞ്ഞ മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന ഉത്തേജക പദ്ധതിയുടെ ഭാഗമായിരുന്നു ഇ.സി.എല്‍.ജി.എസ്. മൂന്നുലക്ഷം കോടി രൂപയുടെ ഈ പദ്ധതി തുടക്കത്തില്‍ എം.എസ്.എം.ഇകള്‍ക്കായാണ് നടപ്പാക്കിയത്.
പിന്നീട് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഊര്‍ജം, ടെക്സ്റ്റൈല്‍, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയില്‍, സിമന്റ്, നിര്‍മ്മാണം, ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയ 26 പദ്ധതികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂണില്‍ പദ്ധതിയുടെ മൂല്യം മൂന്നുലക്ഷം കോടി രൂപയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയിലേക്കും ഉയര്‍ത്തി.

നാഷണല്‍ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്റ്റീ കമ്പനിയാണ് (എന്‍.സി.ജി.ടി.സി) ബാങ്കുകള്‍, എന്‍.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി ‘എമര്‍ജന്‍സി ക്രെഡിറ്ര് ലൈന്‍ ഗ്യാരന്റി’ സ്‌കീം (ഇ.സി.എല്‍.ജി.എസ്) വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്പ. നിലവിലെ വായ്പാ തിരിച്ചടവിന്റെ പരമാവധി 20 ശതമാനം തുകയാണ് പുതിയ വായ്പയായി ലഭിക്കുക. 2022 മാര്‍ച്ച് 31 വരെയാണ് വായ്പ നേടാന്‍ അവസരമുള്ളത്. കൊവിഡില്‍ സംരംഭങ്ങള്‍ പൂട്ടുന്നതും തൊഴില്‍നഷ്ടമുണ്ടാവുന്നതും ചെറുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 5.45 കോടി തൊഴിലുകള്‍ ഇതുവഴി സംരക്ഷിച്ചുവെന്നാണ് സര്‍ക്കാരിന്റെ നിലവിലെ വിലയിരുത്തല്‍.