ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനി മേധാവി ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്ത്. ഇന്ത്യൻ സൈന്യമാണ് ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ടത്. 1971ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സായുധ സേനക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. മരണത്തിന് തലേദിവസമാണ് ഈ വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തെ കുറിച്ച് അഭിമാനമുണ്ടെന്ന് വീഡിയോ സന്ദേശത്തിൽ ബിപിൻ റാവത്ത് പറയുന്നു. നമ്മുടെ ധീരസൈനികർക്ക് ഈയവസരത്തിൽ താൻ ആദരാഞ്ജലിയർപ്പിക്കുകയാണ്. അവരുടെ ത്യാഗം സ്മരിക്കുന്നു. ധീരസൈനികരുടെ ഓർമയ്ക്കായി നിർമിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്‌സിലാണ് വിജയ് പർവ് ദിനാചരണം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തെല്ലാവർക്കും ഒന്നിച്ച് ഈ വിജയത്തിന്റെ ഉത്സവം ആഘോഷിക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ റാവത്ത് 1971 ലെ ഇന്ത്യാ- പാക് യുദ്ധത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച ‘സ്വർണിം വിജയ് പർവ്’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചിരിക്കുന്നത്.

