ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഹെലികോപ്ടർ ദുരന്തത്തിൽ മരണമടഞ്ഞ നാലു പേരുടെ ഡി എൻ എ പരിശോധന കൂടി പൂർത്തിയായതോടെയാണ് എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്ടൻ വരുൺ സിംഗിന്റെ നിലയിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ബംഗളൂരുവിലെ വ്യോമയാന കമാൻഡ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അതേസമയം അപകടത്തിൽ മരിച്ച ലാൻസ് നായിക് സായി തേജയുടെ സംസ്കാരം ജന്മനാടായ ആന്ധ്രയിലെ ചിറ്റൂർ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിൽ നടന്നു.
ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളിയായ വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഹെലികോപ്ടർ അപകടം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കുമെന്നാണ് വിവരം. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

