സര്‍ക്കാരിന്റെ നയം അറിയാത്തയാളല്ല ഗവര്‍ണര്‍; വിസിമാര്‍ മികച്ചവര്‍; ചാന്‍സലര്‍ സ്ഥാനം താന്‍ മോഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നയം അറിയാത്തയാളല്ല ഗവര്‍ണറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ചാന്‍സലര്‍ സ്ഥാനം മോഹിക്കുന്നില്ല, നിലപാടില്‍ നിന്നും ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലും ശാക്തീകരണ കാര്യങ്ങളിലും ചില ആശങ്കകള്‍ ഗവര്‍ണര്‍ പ്രകടിപ്പിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം:

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രത്യേകം എടുത്തുപറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ അലകും പിടിയും മാറണമെന്നും പരമാവധി യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്നുമാണ് എല്‍ഡിഎഫിന്റെ നയം. ഇതിനുളള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊളളുന്നത്.

കാലാനുസൃതമായ പുരോഗതി പൊതുവിദ്യാഭ്യാസ മേഖലയ്ക്കുണ്ടായിരുന്നില്ല.വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക്ക് മികവും പശ്ചാത്തല വികസനവും ഉറപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ഇനി ശ്രദ്ധിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാര്‍ കര്‍മപരിപാടിയില്‍ കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും എന്ന് പറഞ്ഞിരുന്നു. ഗവര്‍ണറുടെ നയപ്രസംഗത്തില്‍ ഈ മേഖലയിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുളള നടപടികളും പറഞ്ഞിരുന്നു. സംസ്ഥാന ബഡ്ജറ്റിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഐആര്‍എഫ് റാങ്കിംഗിലും, നാക് അക്രഡിറ്റേഷനിലും സംസ്ഥാനത്തെ കോളേജുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 15 കോളേജുകളില്‍ എ ഗ്രേഡ് പത്തണ്ണം എപ്‌ളസ്പ്‌ളസും നേടിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് സര്‍ക്കാര്‍ തൃപ്തരല്ല, ഇനിയും മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്. ഇതിനുളള സംവിധാനങ്ങളുണ്ടാകും.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കത്തിലൂടെയും നേരിട്ടും ആശയവിനിമയം നടത്താറുണ്ട്, ഇത് സ്വാഭാവികമാണ്. ഇതിന് വ്യത്യസ്തമായി ചിലത് സംഭവിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ചില പ്രയോഗങ്ങള്‍ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താന്‍ ഇന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2021 ഡിസംബര്‍ എട്ടിന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രശ്നം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒരു കത്തയച്ചു. കത്തിലെ വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുകയും സര്‍ക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയും കണ്ട് മറുപടി നല്‍കി. ധനകാര്യ മന്ത്രി പിറ്റേന്ന് ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരോടൊപ്പം ഗവര്‍ണറെ കണ്ടു. കണ്ണൂരായതിനാല്‍ ഞാന്‍ ഗവര്‍ണറെ നേരില്‍ കണ്ടില്ല എന്നാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ചാന്‍സിലര്‍ അധികാരം കവരാന്‍ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല. സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനം താന്‍ മോഹിക്കുന്നില്ല. ഗവര്‍ണര്‍ പരസ്യപ്രതികരണം നടത്തിയതുകൊണ്ടാണ് തനിക്ക് ഇതൊക്കെ പറയേണ്ടിവന്നത്. വി.സിമാര്‍ മികച്ചവരാണ്.

വി.സി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. അതിനൊരു സെര്‍ച്ച് കമ്മറ്റിയുണ്ട്. സര്‍ച്ച് കമ്മറ്റിയില്‍ ഗവര്‍ണറുടെ അഭിപ്രായം രേഖപ്പെടുത്താനാകും. സര്‍ക്കാര്‍ ചാന്‍സലര്‍ സ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനസാക്ഷിയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. റെസിഡന്റ് പരാമര്‍ശം രാഷ്ട്രീയമായി നടത്തിയതാണ്. ഗവര്‍ണര്‍ തന്നെ നല്ലരീതിയില്‍ തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.