പത്തനംതിട്ട: ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് ശബരിമല പാതയില്‍ സഞ്ചരിക്കുന്ന ഭക്തര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര സുരക്ഷിതമാക്കാന്‍ തുടങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി നിര്‍ത്തലാക്കി. വ്യാഴാഴ്ച ഇടുക്കി അമലഗിരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെട്ട് ആന്ധ്രയില്‍ നിന്നുള്ള രണ്ട് അയ്യപ്പഭക്തര്‍ മരിച്ചിരുന്നു. കെഎസ്ആര്‍ടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയത്.
വര്‍ഷം തോറും 70 മുതല്‍ 90 ലക്ഷം രൂപ വരെ ഈ പദ്ധതിക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഈ തവണ ഒരു രൂപ പോലും കിട്ടിയില്ല. പദ്ധതിയുടെ ഭാഗമായി നിയോഗിച്ച താല്‍ക്കാലിക ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുകയും ശമ്പളവും കിട്ടാതെ വരികയും ചെയ്തു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അയ്യപ്പഭക്തര്‍ കൂടുതല്‍ സഞ്ചരിക്കുന്ന വഴികളില്‍ 420 ദൂരത്തില്‍ 24 മണിക്കൂറും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്താറുണ്ടായിരുന്നു. ഇലവുങ്കലില്‍ ക്രമീകരിച്ച കണ്ട്രോള് റൂമില്‍ നിന്ന് എല്ലാം നിയന്ത്രിക്കും. ഇത്തവണയും ഉദ്യോഗസ്ഥരെ നിയോഗിച്ചു. പതിനൊന്ന് വാഹനങ്ങളും ക്രമീകരിച്ചു. സേഫ് സോണ്‍ നടപ്പാക്കിയ സമയത്തൊക്കെ അപകട നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പദ്ധതി നിലച്ചതോടെ പോലീസ് മാത്രമാണ് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ രക്ഷക്കുള്ളത്.

