ചാന്‍സലര്‍ വിവാദം; സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ കത്തയച്ചതോടെ വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഗവര്‍ണര്‍ ഇന്നലെ രാവിലെ സര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ യുജിസി റഗുലേഷന്‍ ഉയര്‍ത്തിപ്പിടിച്ച് ന്യായീകരിച്ച സര്‍ക്കാര്‍ പ്രതിനിധി, ശ്രീശങ്കര സര്‍വകലാശാലയില്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യമെന്ന് വാദിച്ചു. രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രതിരോധം തീര്‍ത്തതോടെ ഇരുകൂട്ടര്‍ക്കും കൂടുതലൊന്നും പറയാനായില്ല. ഗവര്‍ണറുടെ മിക്ക ചോദ്യങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്ക് ഉത്തരമുണ്ടായിരുന്നില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അനുനയ നീക്കത്തിനായി രാജ്ഭവനിലെത്തിയിരുന്നു.

അതേസമയം, സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ ഒമ്പതാം തിയ്യതിയിലെ പരിപാടി ഗവര്‍ണര്‍ റദ്ദാക്കി. തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച ഗവര്‍ണര്‍ ഇനി ഉടന്‍ കേരളത്തിലേക്കില്ലെന്ന സൂചനയാണ് നല്‍കിയത്.