പ്രധാനമന്ത്രിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പുറത്ത് വന്നത് വ്യാജ ട്വീറ്റ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ത്യയില്‍ ബിറ്റ് കോയിന്‍ നിയമാനുസൃതമാക്കിയെന്നും, സര്‍ക്കാര്‍ 500 ബിറ്റ് കോയിന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമാണ് ഹാക്ക് ചെയ്യപ്പെട്ടശേഷം അതേ അക്കൗണ്ടില്‍ നിന്ന് പുറത്തു വന്ന ട്വീറ്റ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

ട്വിറ്ററിനെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ‘പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. വിഷയം ഉടന്‍ ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് സുരക്ഷിതമാക്കുകയും ചെയ്തു. ഹാക്ക് ചെയ്ത സമയത്ത് വന്ന ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.’- പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മോദിയുടെ വെബ്സൈറ്റ് മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.