കുടുബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെ നടി മീരാ ജാസ്മിന് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകന്. ‘മകള്‍’ എന്നാണ് ചിത്രത്തിന്റെ പേര് എന്നും അദ്ദേഹം അറിയിച്ചു. പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിന്റെ പേരിനായി അന്വേഷണം തുടങ്ങുമെന്നും എന്നാല്‍ അത് തെളിഞ്ഞ് വരാന്‍ സമയമെടുക്കുമെന്നും സത്യന് അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇപ്പോഴാണ് ആ പേര് തെളിഞ്ഞ് വന്നതെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
‘പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു. ‘മകള്‍’ അത് നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകള്‍’ നിങ്ങള്‍ക്കു മുമ്പിലെത്തും,’ സത്യന് അന്തിക്കാട് കുറിച്ചു
വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യന് അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിന്.

