ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് തിലക് മൈദാന് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. ഒഡീഷയ്ക്കെതിരെ നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. വിജയ ഫോര്‍മുല മാറ്റമില്ലാതെ തന്നെ പരിശീലകന് തുടരുമെന്നാണ് പ്രതീക്ഷ.
അതേസമയം, സീസണില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് 4-3 ന് തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ച വെക്കാന്‍ ഈസ്റ്റ് ബംഗാളിനായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ജയത്തിനായി കൊതിക്കുന്ന ഈസ്റ്റ് ബംഗാളിനെ കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സ് കുറച്ച് കഷ്ടപ്പെടേണ്ടി വരും.
ഇരു ടീമുകളും രണ്ട് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11-ാം സ്ഥാനത്തും.

