ഗവർണറുടെ നിരാശ താൻ പൂർണമായും മനസ്സിലാക്കുന്നുവെന്ന് ശശി തരൂർ

ന്യൂഡൽഹി: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണറിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഗവർണറിന് പിന്തുണ അറിയിച്ചാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ താൻ പൂർണമായും മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ രാഷ്ട്രപതിയെപ്പോലെ, സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഗവർണർക്കും ഒരു പ്രധാന ഉത്തരവാദിത്തമുണ്ട്. ഇങ്ങനെ ഒതുക്കപ്പെടുന്നതിനെ എന്തിനാണ് ഗവർണർ സഹിച്ചുനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂർ ഉൾപ്പെടെയുള്ളവർ ഗവർണറിന് പിന്തുണനൽകി രംഗത്തെത്തിയത്.

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് ഗവർണറിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.