ഹെലികോപ്റ്റര്‍ അപകടം: മലയാളി ജവാന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജവാന്‍ എ. പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും മൃതദേഹം സൂലൂര്‍ വ്യോമതാവളത്തിലേക്കും അവിടെ നിന്നും നാളെ പുത്തൂരിലെത്തിക്കുമെന്നുമാണ് അറിയിച്ചത്.

പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വരെ വേണ്ടിവന്നേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയിരുന്നതായി സഹോദരന്‍ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുന്‍പ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

പ്രദീപിന്റെ കുടുംബത്തെ സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും പൊന്നുകരയിലെ വീട്ടില്‍ എത്തി.