അനിശ്ചിത കാല സമരവുമായി മെഡിക്കൽ കോളേജുകളിലെ പിജി റെസിഡന്റ് ഡോക്ടർമാർ

തിരുവനന്തപുരം: അനിശ്ചിത കാല സമരം ആരംഭിക്കാനൊരുങ്ങി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് റെസിഡന്റ് ഡോക്ടർമാർ. നാളെ മുതൽ സമ്പൂർണ്ണ സമരത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഐസിയുവും ലേബർ റൂമും അത്യാഹിത വിഭാഗവും ഉൾപ്പെടെ ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.. അതേസമയം കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

പിജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒന്നാംവർഷ പി.ജി. പ്രവേശനം നേരത്തെ നടത്തണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്. എന്നാൽ ഇത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. പിജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എൻ.എ.ജെ.ആർ.മാരെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയിൽ മന്ത്രി ഡോക്ടർമാർക്ക് ഉറപ്പ് നൽകുകയും പിന്നീട് സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ നടപടി സ്വീകരിച്ചെങ്കിലും ഒരു വിഭാഗം പിജി ഡോക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കോവിഡ് ചികിത്സയിലും മനഃപൂർവം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആരോഗ്യ മന്ത്രിയുടെ ആരോപണം.

പിജി ഡോക്ടർമാരുടെ കാര്യത്തിൽ സർക്കാർ വളരെ അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽ നിന്നും പിന്മാറണമെന്നും വീണാ ജോർജ് അഭ്യർത്ഥിച്ചു. സമരം ചെയ്യുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വാക്കാൽ പോരെന്നും രേഖാമൂലം വേണമെന്നും മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കാത്തതിനെ തുടർന്നാണ് അത്യാഹിതവിഭാഗം, കോവിഡ് വിഭാഗം, ഐ.സി.യു എന്നിവ കൂടി ബഹിഷ്‌ക്കരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.