എംപിമാരുടെ സസ്പെൻഷൻ; സൻസദ് ടിവി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി ശശി തരൂർ

ന്യൂഡൽഹി: സൻസദ് ടിവി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി കോൺഗ്രസ് എംപി ശശി തരൂർ. 12 രാജ്യസഭ എംപി മാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് സൻസദ് അവതാരക സ്ഥാനത്ത് നിന്നും ശശി തരൂർ പിന്മാറിയത്. ശിവസേനാ എം പി പ്രിയങ്ക ചതുർവേദിയും സൻസദ് ടിവി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സൻസദ് ടിവിയിലെ മേരി കഹാനി എന്ന ഷോയാണ് പ്രിയങ്ക ചതുർവേദി അവതരിപ്പിച്ചിരുന്നത്.

പാർലമെന്റിന്റെ ഐക്യവും, ജനാധിപത്യ മൂല്യങ്ങളും മാനിച്ചാണ് ശശി തരൂർ സൻസദ് ടിവിയിലെ ടു ദി പോയിൻറ് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായത്. ഇപ്പോൾ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും ശശി തരൂർ വിശദമാക്കി. രാഷ്ട്രീയപരമായ വേർതിരിവ് ഇല്ലാതെ അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു സൻസദ് ടിവിയുടെ പ്രത്യേകതത. പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം നിന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സഭാ സമ്മേളനത്തിലാണ് 12 എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

വർഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തിൽ നിന്ന് എംപിമാർക്ക് സസ്‌പെൻഷൻ നൽകിയത്. എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) ഫുലോ ദേവി നേതാം (കോൺഗ്രസ്), ഛായാ വർമ (കോൺഗ്രസ്), ഋപുൺ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്താ ഛേത്രി (തൃണമൂൽ കോൺഗ്രസ്), സെയ്ദ് നസീർ ഹുസൈൻ (കോൺഗ്രസ്), പ്രിയങ്കാ ചതുർവേദി (ശിവസേന), അനിൽ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോൺഗ്രസ്) തുടങ്ങിയവരാണ് സസ്‌പെൻഷനിലായത്.