തലസ്ഥാനത്തെത്തുന്നവര്‍ക്ക് ഇനി പോലീസ് കാവലില്‍ സുഖനിദ്ര; കസ്റ്റഡിയിലല്ലാട്ടോ…

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഇനി കേരളാ പോലീസിന്റെ കാവലില്‍ സുഖമായി ഉറങ്ങാം. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് ഒരുക്കിയിരിക്കുന്ന എസി ഡോര്‍മട്രിക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം. ഇന്നലെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 86 ബെഡുകളാണ് പല മുറികളിലായി ഒരുക്കിയിരിക്കുന്നത്. ഡോര്‍മട്രിയിലെ എല്ലാ ബെഡുകളും 10 വരെ ബുക്കിംഗ് ഫുള്ളാവുകയും ചെയ്തു.

ഒരു ബെഡിനു 250 രൂപയാണ് നിരക്ക്. 3 ബെഡുകളുള്ള മുറിക്ക് 650, 4ന് 750, 5ന് 950, 6ന് 1200 എന്നിങ്ങനെയാണ് പൊതുജനങ്ങള്‍ക്കുള്ള നിരക്ക്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിലും കുറവാണ്. 6 പേര്‍ക്ക് കിടക്കാവുന്ന 7 മുറികളാണുള്ളത്. 4 പേര്‍ക്കായി 5 എണ്ണവും 5 പേര്‍ക്കായി ഒരെണ്ണവും 7 പേര്‍ക്കായി ഒരു മുറിയുമുണ്ട്. ബാക്കിയുള്ളവ 2,3 പേര്‍ക്ക് കിടക്കാവുന്ന മുറികളാണ്.

സംസ്ഥാനത്തിന്റെ പലഭാഗത്തും നിന്നും തലസ്ഥാനത്തെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം കുറഞ്ഞ ചെലവിലുള്ള എസി ഡോര്‍മട്രികള്‍. ട്രെയിന്‍ കൂപ്പകള്‍ പോലെയാണ് ഓരോ ചെറിയ മുറികളും. ബാഗ് സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്‌പോട്ടുകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യങ്ങളും മുറിക്കു പുറത്തുണ്ട്. ഒറ്റക്കും സംഘമായും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ് നമ്പര്‍ : 0471 2305251