മുംബൈ: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 200 കോടിയുടെ തട്ടിപ്പ് കേസാണ് ജാക്വിലിനെതിരെയുള്ളത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് താരത്തോട് എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ജാക്വിലിൻ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. തുടർന്നാണ് എൻഫോഴ്സ്മെന്റ് താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിദേശത്തേയ്ക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ യാത്ര മുംബൈ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും ചെയ്തു. 200 കോടിയുടെ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്. താരത്തെ ഡൽഹിയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖറിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
അതേസമയം കേസിൽ ഇഡിയുടെ കുറ്റപത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വില വരുന്ന സമ്മാനങ്ങൾ സുകേഷ് നൽകിയെന്നാണ് കുറ്റപത്രത്തിൽ വിശദമാക്കുന്നത്. നടി നോറ ഫത്തേഹിക്കും സുകേഷ് ഇത്തരത്തിൽ സമ്മാനം നൽകിയിരുന്നു.

