ഏഴ് വർഷത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്‌തത് 38000 കോടിയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് നിന്നുള്ള കയറ്റുമതിയുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്‌തതെന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉത്പ്പന്നങ്ങൾ കയറ്റി അയക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം അധികം വൈകാതെ കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. 85000 കോടിയുടേതാണ് രാജ്യത്തെ പ്രതിരോധ – ബഹിരാകാശരംഗം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം 18000 കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എംഎസ്എംഇകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. വലിയ കമ്പനികൾക്കാണ് പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ കഴിയുകയെങ്കിലും ചെറിയ കമ്പനികളുണ്ടെങ്കിലേ അത്തരം വലിയ കമ്പനികൾക്ക് മുന്നേറ്റമുണ്ടാക്കാനാകൂ. അതിനാൽ എംഎസ്എംഇകൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ 12000 എംഎസ്എംഇകൾ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഉത്തേജന പദ്ധതികൾ കാരണമാണ് പ്രതിരോധ രംഗത്ത് എംഎസ്എംഇകളുടെ കടന്നു വരവ് വർധിച്ചത്. ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നൽകണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രതിരോധ സേനകൾ രാജ്യത്തെ സ്ഥാപനങ്ങളിൽ അർപ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിച്ചു. പുതിയ ടെക്‌നോളജിയും പുതിയ ഉൽപ്പന്നങ്ങളും എംഎസ്എംഇകൾ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.