കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് നടപടി. ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് കമ്മീഷണർ അറിയിക്കുന്നത്.
കേസിൽ നിർണായകമായ പല തെളിവുകളും ലഭിച്ചു കഴിഞ്ഞു. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്നും ലഭിച്ചു.
ലഹരി പാർട്ടികൾ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തീരുമാനിച്ചത്. വീഡിയോ ദൃശ്യങ്ങളിൽ കണ്ടാലറിയാവുന്ന സുഹൃത്തുക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴു സ്‌റ്റേഷനുകളിലായാണ് കേസ്. അതേസമയം പ്രതികളെ ചോദ്യംചെയ്യുന്നതിനായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് വിവരം. മൂന്നുപേർ മാത്രമാണ് ഇത് വരെ മൊഴി നൽകാനെത്തിയത്. ലഹരി ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.

