ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം തീവ്രമായേക്കില്ലെന്നും രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നും വ്യക്തമാക്കി കേന്ദ്രം. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമൈക്രോണ്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമാകാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 16000 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ഇവരുടെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയച്ചിട്ടുണ്ട്.
നിലവിലെ വാക്സിനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമൈക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിട്ടുണ്ട്.

