തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ച് ബെവ്കോ. അടുത്ത ഏപ്രിൽ മുതൽ വിദേശ മദ്യത്തിന്റെ വിലയിൽ കാര്യമായ കുറവു വരുത്താനുള്ള നടപടികളാണ് ബെവ്കോ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മദ്യം വിൽക്കുന്ന സംസ്ഥാനങ്ങളിൽ സപ്ലൈ ചെയ്യുന്ന അതേ വിലയ്ക്ക് സപ്ലൈ ചെയ്യണമെന്ന നിർദ്ദേശം മദ്യ കമ്പനികൾക്ക് നൽകിക്കഴിഞ്ഞു.
സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില വർധിക്കാൻ കാരണം സപ്ലൈ ടെണ്ടറിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഉയർന്ന തുക നിർമ്മാതാക്കൾ രേഖപ്പെടുത്തുന്നതാണ്. ചില്ലറ വില്പനശാലകളുടെ പ്രവർത്തനം കൂടുതൽ ജനപ്രിയമാക്കാനും ബെവ്കോ നടപടി സ്വീകരിക്കും. ഓരോ ഷോപ്പിലും ലഭ്യമായ മദ്യത്തിന്റെ സ്റ്റോക്ക്, വില അടക്കമുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് മനസിലാക്കാൻ എല്ലാ ഷോപ്പുകൾക്കു മുന്നിലും ടി വി സ്ക്രോളിംഗ് സംവിധാനം ഒരു മാസത്തിനുള്ളിൽ നിലവിൽ വരും.
ആവശ്യക്കാർക്ക് ചോദിക്കുന്ന മദ്യം കിട്ടാതിരിക്കുന്ന സ്ഥിതി പല ഷോപ്പുകളിലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥിതി ഒഴിവാക്കി, സ്റ്റോക്കുള്ള ബ്രാൻഡുകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാൻ അവസരം നൽകാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ബിവറേജസ് കോർപ്പറേഷന് മദ്യ കമ്പനികൾ നൽകേണ്ട ഡിസ്കൗണ്ട് പുതുക്കി നിശ്ചയിക്കാൻ തീരുമാനമായി. സിംഹഭാഗം മദ്യവും സപ്ലൈ ചെയ്യുന്ന വൻകിട കമ്പനിക്കാർ ബെവ്കോയ്ക്ക് നൽകുന്ന ഡിസ്കൗണ്ട് ഏഴ് ശതമാനമാണ്. ട്രാൻസ്പോർട്ടിംഗ്, കെട്ടിടവാടക, സെക്യൂരിറ്റി തുടങ്ങിയ ഇനങ്ങളിലായി ഒരു വർഷം 337 കോടിയോളം രൂപയാണ് കോർപ്പറേഷന്റെ ചെലവ്.
വെയർ ഹൗസുകൽ വർധിപ്പിക്കാനും തീരുമാനമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോന്നും കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുകിട മദ്യനിർമാതാക്കൾക്കും കൂടുതൽ അളവിൽ സ്റ്റോക്ക് എത്തിക്കാൻ അവസരം നൽകാൻ ലക്ഷ്യമിട്ടാണ് വെയർഹൗസിന്റെ എണ്ണം വർധിപ്പിക്കുന്നത്.

