സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവം; ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി

തിരുവല്ല: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പൊതുപ്രവര്‍ത്തകനായും ജനപ്രതിനിധിയായും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

‘പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു.’