കോവിഡ് വൈറസിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് അംഗീകാരം; ഒമിക്രോണിനും ഫലപ്രദം

ലണ്ടൻ: കോവിഡ് വൈറസിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് അംഗീകാരം. ദ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) ഏജൻസിയാണ് കോവിഡിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് അംഗീകാരം നൽകിയത്. സേവുഡി അഥവാ സോത്രോവിമാബ് എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്. ജി.എസ്.കെ.യും വീർ ബയോടെക്നോളജിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചികിത്സയ്ക്കും പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് ബാധ മൂലം ഉണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്‌നങ്ങൾ മുതൽ രോഗം അപകടകാരിയാകാൻ സാധ്യതയുള്ളവർക്കുവരെ മരുന്ന് ഫലപ്രദമാണെന്ന് ഏജൻസി അറിയിച്ചു.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായവും 40 കിലോഗ്രാമിലധികം ഭാരവുമുള്ളവർക്ക് മരുന്ന് നൽകാം. അപകടാവസ്ഥയിലുള്ള രോഗികളിൽ ഒറ്റ ഡോസ് സോത്രോവിമാബ് 79 ശതമാനം അപകടസാധ്യത കുറയ്ക്കും. എം.എച്ച്.ആർ.എ. ചീഫ് എക്‌സിക്യുട്ടീവ് ഡോ. ജൂൺ റെയ്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസിന്റെ മുള്ളുപോലെയുള്ള പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സോത്രോവിമാബിന് കഴിയും.