തിരുവനന്തപുരം: പത്ത് അണക്കെട്ടുകളിൽ വൈദ്യുതി ബോർഡ് ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. സൗരോർജ്ജ ഉത്പാദനം ഇരട്ടിയാക്കുക എന്നതാണ് ഫ്ളോട്ടിംഗ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം.
350-500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യവെയ്ക്കുന്നത്. നിലവിൽ 298 മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്. പത്ത് ഡാമുകളിൽ രണ്ടെണ്ണം വാട്ടർ അതോറിറ്റിയുടേതാണ്. പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി അന്താരാഷ്ട്ര ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രൂപകല്പന, നിർമ്മാണം, ടെസ്റ്റിംഗ്, സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കൽ, കമ്മിഷനിംഗ് എന്നിവയെല്ലാം നിർവഹിക്കാൻ താത്പര്യമുള്ളവർക്ക് ടെൻഡറിൽ പങ്കെടുക്കാം.
ഡിസംബർ 29 വരെ ടെൻഡർ സ്വീകരിക്കും. 15 ന് പ്രീബിഡ് മീറ്റിംഗ് നടക്കും. 31 ന് തുറക്കും. ടെൻഡറിൽ തെരഞ്ഞെടുക്കപ്പെടുന്നവരുമായി 25 വർഷത്തേക്കാണ് വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവയ്ക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് നിശ്ചയിക്കുന്നത്. സോളാർ പ്ലാന്റ് നിർമ്മാണത്തിൽ അഞ്ച് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് ടെൻഡറിൽ പങ്കെടുക്കാം. പൊൻമുടി, കല്ലാർകുട്ടി, സെങ്കുളം, കല്ലാർ, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ, ബാണാസുരസാഗർ (കെ.എസ്.ഇ.ബി ഡാമുകൾ), അരുവിക്കര, പേപ്പാറ (ജല അതോറിട്ടി സംഭരണികൾ) എന്നിവിടങ്ങളിലാണ് ഫ്ളോട്ടിംഗ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ടെൻഡറിൽ വിജയിക്കുന്ന ഓരോ കമ്പനിക്കും മൂന്ന് ഡാമുകൾ വീതം ഏറ്റെടുക്കാം.

