സർക്കാരിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് നടത്താനിരിക്കുന്ന പ്രചാരണത്തിന് എതിരെ വിമർശനവുമായി സിപിഎം

തിരുവനന്തപുരം: സർക്കാരിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് നടത്താനിരിക്കുന്ന പ്രചാരണത്തിന് എതിരെ വിമർശനവുമായി സിപിഎം. ലീഗിന്റെ നീക്കം അത്യന്തം അപകടകരമാണെന്നാണ് സിപിഎം മുന്നറിയിപ്പ് നൽകുന്നത്. പള്ളികൾ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം പറയുന്നു. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ചാണ് പള്ളികൾ കേന്ദ്രീകരിച്ചുള്ള സർക്കാർ വിരുദ്ധ പ്രചാരണത്തിന് മുസ്ലീം ലീഗ് പദ്ധതിയിടുന്നത്. മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും സിപിഎം വ്യക്തമാക്കി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ സംഘപരിവാരിന് ഇത് ഊർജം നൽകുന്നതാണ്. മുസ്ലീം ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും സിപിഎം അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നും മതസംഘടനയല്ലെന്നും സിപിഎം ഓർമ്മപ്പെടുത്തി. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയുമെന്നും സിപിഎം ചോദിക്കുന്നു. ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സി.പി.എമ്മിനോട് കൂടുതൽ അടുക്കുന്നത് ലീഗിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണെന്നും വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

പുതിയ നീക്കത്തോടെ മതേതര പാർടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. എല്ലാവരുടേയും ആശങ്കകൾ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം കൂട്ടിച്ചേർത്തു.