പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ കാണുന്നില്ലല്ലോ? ചോദ്യമുന്നയിച്ച് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്ന ചോദ്യവുമായി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു. രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം വെക്കുന്നവരാണ് എംപിമാര്‍. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഈ സാഹചര്യത്തിലാണ് വെങ്കയ്യനായിഡു ചോദ്യമുന്നയിച്ചത്.

ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും തമിഴ്നാട്ടിലും മാത്രമല്ല, കേരളത്തിലും പ്രളയക്കെടുതിയുണ്ടായി. എന്നാല്‍, അതു പറയാന്‍ ആരെയും ഇവിടെ കാണുന്നില്ല വെങ്കയ്യ നായിഡു പറഞ്ഞു. കര്‍ഷകരുടെ പ്രശ്നം ഉന്നയിച്ച് കോണ്‍ഗ്രസ്, ഇടത്, യുപിഎ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന തരത്തില്‍ അംഗങ്ങള്‍ പെരുമാറിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

അതിനിടെ രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിപക്ഷത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. കഴിഞ്ഞ ദിവസം എംപിമാരായ ഫുലോ ദേവി നേതം, ഛായാ വര്‍മ്മ, റിപുണ്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെന്‍, ശാന്താ ഛേത്രി, പ്രിയങ്കാ ചതുര്‍വേദി, അനില്‍ ദേശായ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭാ മാര്‍ഷല്‍മാരാണ് കഴുത്തിന് പിടിച്ചുവെന്ന പേരില്‍ അദ്ധ്യക്ഷന് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാളെ ഹാജരാകുമെന്ന് എളമരം കരീം പറഞ്ഞു. കര്‍ഷകപ്രശ്നങ്ങളും എംപിമാരുടെ സസ്‌പെന്‍ഷനും സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.