സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ലഹരി മാഫിയകള്‍ സജീവമെന്ന് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. യുവ ഡോക്ടര്‍മാരില്‍ പലരും ലഹരിക്കടിമകളാണെന്നാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം.

വിദ്യസമ്പന്നരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരിമരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഹരിമരുന്നുമായി എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയിലായിരുന്നു. നാല് ഗ്രാം ഹാഷിഷാണ് വിദ്യാര്‍ത്ഥിയില്‍ നിന്നും പിടിച്ചെടുത്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് മെഡിക്കല്‍ കോളേജിന് അകത്തും ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

അതേസമയം, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കൊല്ലം തുടങ്ങിയ സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവുമാണ് ഇവര്‍ക്കിടയില്‍ കൂടുതല്‍ പ്രചരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. പഠിത്തത്തില്‍ ഏകാഗ്രത കിട്ടുന്നതിനും ഉന്മേഷത്തിനും വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കും. നിരന്തരമായ ലഹരി ഉപയോഗമാണ് വിദ്യാര്‍ത്ഥികളെ അടിമകളാക്കുന്നതെന്നും അധികൃതര്‍ പറയുന്നു.