സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചതില്‍ വന്‍ വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളുടെ നമ്പര്‍, ഉടമയുടെ പേര്, റേഷന്‍ കടയുടെ നമ്പര്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ എന്നിവ തുറന്ന് വിട്ടിരിക്കുന്നതായി കണ്ടെത്തല്‍. വിവിധ ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരോ റേഷന്‍ കടയിലെയും കാര്‍ഡുകളുടെ വിവരങ്ങള്‍ കേരള പൊതുവിതരണ വകുപ്പിന്റെ സൈറ്റില്‍ നിന്ന് ലഭിക്കുന്നതായാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഋഷി മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍.

2018 ല്‍ ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുവെന്ന സുരക്ഷ പ്രശ്‌നം ഋഷി മോഹന്‍ദാസ് മുന്നോട്ടുവെച്ചിരുന്നു. 2018 ലെ സുരക്ഷ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും. അത് പൂര്‍ണ്ണമായിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റില്‍ (civilsupplieskerala.gov.in)  ഇന്‍ഡക്‌സ് പേജില്‍ കാര്‍ഡ്‌സ് എന്ന വിഭാഗത്തില്‍ ജില്ല തിരിച്ച് അവിടുത്തെ താലൂക്ക് സിവില്‍ സപ്ലേസ് ഓഫീസുകളുടെ കീഴിലെ കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ട്. ഇവിടെ നിന്നും പിന്നീട് ഒരോ റേഷന്‍ കടയുടെ വിവരങ്ങളും തുടര്‍ന്ന് റേഷന്‍ കടക്ക് കീഴിലെ റേഷന്‍ കാര്‍ഡ് നമ്പറുകളും, കാര്‍ഡ് ഉടമയുടെ വിവരങ്ങളും ലഭിക്കും.

ഇത്രയും ലഭിച്ചാല്‍ പിന്നീട് പൊതുവിതരണ വകുപ്പിന്റെ തന്നെ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കാനുള്ള സൈറ്റില്‍ (https://etso.civilsupplieskerala.gov.in/index.php/c_checkrcard_details) പോയി കാര്‍ഡ് നമ്പര്‍ കൊടുത്താല്‍ മുകളില്‍ പറഞ്ഞ പേഴ്‌സണല്‍ വിവരങ്ങള്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്യാം. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കമ്യൂണിറ്റിയായ യെറ്റ് അനതര്‍ സെക്യൂരിറ്റിയുടെ ബ്ലോഗില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വലിയൊരു ഡാറ്റ ശേഖരം ലക്ഷ്യം വെക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയമാകുന്ന തരത്തിലാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത്.