പുരാവസ്തു തട്ടിപ്പ് കേസ്; മോൻസന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്ന് കണ്ടെത്തൽ

കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. മോൻസന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്.

പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോൻസന്റെ ശേഖരത്തിലുള്ള വസ്തുക്കൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.