കൊച്ചി: സംസ്ഥാനത്തെ മദ്യവില്പന ശാലകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ഉത്തരവെന്നും മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും കേരള ഹൈക്കോടതി. പുതിയ മദ്യവില്പനശാലകള് തുടങ്ങാനുള്ള നീക്കത്തിനെതിരെ വി.എം സുധീരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരന് ഹര്‍ജി നല്‍കിയത്. എന്നാല്‍, സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ‘ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്കാവില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും’ ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സര്‍ക്കാര്‍ കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ 175 പുതിയ ഔട്ട്ലെറ്റുകള് തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹര്‍ജിയില്‍ സുധീരന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി വീണ്ടും പരിഗണിക്കും.

