മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാവാന്‍ മര്‍ക്കസ് മസ്ജിദ്; വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയില്‍ ഇതര മതസ്ഥര്‍ക്കും പ്രവേശനം

ആലപ്പുഴ: മതസൗഹാര്‍ദ്ദ അന്തരീക്ഷം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയില്‍ എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം നല്‍കാനൊരുങ്ങി ആലപ്പുഴ സക്കറിയാ ബസാറിലെ മര്‍ക്കസ് മസ്ജിദ്.

നാളെ മുതല്‍ പള്ളിയില്‍ പുതിയ പ്രാര്‍ത്ഥനാക്രമം നിലവില്‍ വരും. വെള്ളിയാഴ്ചകളില്‍ 12.30 മുതല്‍ 1.10 വരെ നീളുന്ന പ്രാര്‍ത്ഥനാവേളയില്‍ മുന്‍നിരയിലെ 50 ഇരിപ്പിടങ്ങള്‍ അന്യമതസ്ഥര്‍ക്കായി ഒഴിച്ചിടും. പ്രസംഗം കേള്‍ക്കാനും, നിസ്‌കാരവും പ്രാര്‍ത്ഥനാരീതികളും കാണാനും പങ്കെടുക്കാനും എല്ലാവര്‍ക്കും അവസരമുണ്ടാകും. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ജില്ലാ കളക്ടര്‍, എം.എല്‍.എമാര്‍, എസ്.പി, ബിഷപ്പ്, ക്ഷേത്ര പുരോഹിതര്‍ തുടങ്ങിയവര്‍ക്ക് ക്ഷണക്കത്ത് നല്‍കി. ഇമാം അബ്ദുള്‍ ഹക്കീം പാണാവള്ളി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. 35 വര്‍ഷം പഴക്കമുള്ള പള്ളി മര്‍ക്കസ് ട്രസ്റ്റ് മുഖേന സാമ്പത്തിക സഹായം, തൊഴില്‍ ഉപകരണങ്ങള്‍, വിധവാ പെന്‍ഷന്‍ തുടങ്ങി വിവിധ സഹായ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

‘എല്ലാ ദിവസവും പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ ഇതരമതസ്ഥര്‍ക്ക് പങ്കെടുക്കാം’- മുഹമ്മദ് അമീന്‍, പ്രസിഡന്റ്, മര്‍ക്കസ് പള്ളി

‘ഹലാല്‍ വിവാദമടക്കം മതസ്പര്‍ദ്ധ വളര്‍ത്തുന്ന കാലത്ത് ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും ശ്രമങ്ങള്‍ ഉന്നതമായ ജനാധിപത്യ മൂല്യവും സഹവര്‍ത്തിത്വവും കൊണ്ട് മറികടക്കാം’- അഷ്‌റഫ്, ട്രസ്റ്റ് മെമ്പര്‍

‘മതവൈരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൗഹാര്‍ദ്ദാന്തരീക്ഷമൊരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ബിഷപ്പിനെ പ്രതിനിധീകരിച്ച് ഞാന്‍ ചടങ്ങില്‍ പങ്കെടുക്കും’-ഫാ.സേവ്യര്‍ കുടിയാംശേരി, പി.ആര്‍.ഒ, ആലപ്പുഴ ബിഷപ്പ് ഹൗസ്