ഷില്ലോങ്: മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയടക്കമുള്ള 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇതു സംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തൃണമൂല്‍ പാര്‍ട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മേഘാലയില്‍ മുകുള്‍ സാങ്മയടക്കമുള്ളവര്‍ തൃണമൂലില്‍ ചേരുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മുകുള്‍ സാങ്മ പാര്‍ട്ടി വിടാന്‍ ആലോചന നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിയിരുന്നു. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തിയിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി സംസാരിച്ചെങ്കിലും നീക്കം ഫലം കണ്ടില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ 21ന് തൃണമൂല്‍ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുമായി സാങ്മ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

