തിരുവനന്തപുരം: സംസ്ഥാനത്തെ കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരള നിയമ പരിഷ്കരണകമ്മീഷന്റെ 15-ാമത് റിപ്പോർട്ടിന് ഭേദഗതികളോടെ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്റെ തന്നെ ഭാഗമായതായും കമ്മീഷൻ പറഞ്ഞിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള 1947ലെ നിയമം, 1975 ലെ കേരള താല്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന അവകാശം നിരോധിച്ചുകൊണ്ടുള്ള നിയമം, 2005 ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂർ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവയെല്ലാം കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമങ്ങളിൽ ഉൾപ്പെട്ടവയാണ്.
ഇത്തരം നിയമങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കണമെന്നാണ് സർക്കാരിനോട് കമ്മീഷൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

