കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് മുമ്പായി ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നും പുറത്തായി. രാഹുലിന് പകരം സൂര്യകുമാര്‍ യാദവിനെ ടീമിലുള്‍പ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ വിശ്രമം ലഭിച്ച കോഹ്ലി മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. രോഹിത് ശര്‍മ്മയെ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് കെ എല്‍ രാഹുലിന്റെ അഭാവം കനത്ത തിരിച്ചടിയായിരിക്കും. ഇരുവരുടേയും അഭാവത്തില്‍ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നത്. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍.
കെ എല്‍ രാഹുലിന്റെ ഇടത് തുടയിലെ പേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് രാഹുല്‍ ബംഗളൂരുവിലുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സ നടത്തുമെന്നും ന്യൂസിലന്‍ഡ് പരമ്പരക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഓപ്പണര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബി സി സി ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

