ഐഎസ്എല്‍: തോല്‍വിയോടെ തുടക്കം കുറിച്ച് മഞ്ഞപ്പട

isl

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടക്കം മോശമാക്കുന്ന പതിവ് തെറ്റിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ പരാജയപ്പെട്ടത്. ഇരട്ട ഗോളുകളുമായി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ ബൗമസ് ബഗാന് വേണ്ടി തിളങ്ങി. മൂന്നാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു താരം വലകുലുക്കിയത്.

റോയ് കൃഷ്ണയും (27) ലിസ്റ്റണ്‍ കൊളോകോയും (50) ഓരോ ഗോളുകള്‍ വീതം നേടി. സഹല്‍ അബ്ദുസ്സമതും (24) ജോര്‍ജ് ഡയസുമാണ് (69) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. എ.ടി.കെക്ക് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. തുടക്കം മുതലേ ആക്രമിച്ച് കളിച്ച മുന്‍ ചാംപ്യന്‍മാര്‍ മൂന്നാം മിനിറ്റില്‍ തന്നെ വലകുലുക്കുകയും ചെയ്തു. കൊളോകോയുടെ അസിസ്റ്റില്‍ ബൗമസാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. 24-ാം മിനിറ്റില്‍ രാഹുലിന്റെ ക്രോസിലൂടെ സഹല്‍ തിരിച്ചടിച്ചെങ്കിലും റോയ് കൃഷ്ണ പെനാല്‍ട്ടിയിലൂടെ വീണ്ടും എ.ടി.കെയുടെ ലീഡുയര്‍ത്തി.

എന്നാല്‍, കൊമ്പന്‍മാരുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മിനിറ്റുകള്‍ക്കകം ബൗമസ് തന്റെ രണ്ടാമത്തെ ഗോളും കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-1 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. രണ്ടാം പകുതിയുടെ തുടക്കത്തിലും എ.ടി.കെ ഞെട്ടിച്ചു. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ കിടിലന്‍ കര്‍വിങ്ങ് ഷോട്ടിലൂടെ ലിസ്റ്റണ്‍ കൊളാകോ ഗോള്‍ നേട്ടം നാലാക്കിയുയര്‍ത്തുകയായിരുന്നു. മഞ്ഞപ്പടക്ക് പെരേര ഡയസ് 68ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ സമ്മാനിക്കുകയും ചെയ്തു.