ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി ഉപയോഗത്തിലെ കളളനാണയങ്ങളെ കണ്ടെത്താൻ ലോകമെമ്പാടുമുളള ജനാധിപത്യരാജ്യങ്ങൾ കൈ കോർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തെക്കുറിച്ചും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നും രാജ്യങ്ങൾ ആലോചിക്കേണ്ടതാണ്. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളിൽ ജനാധിപത്യ രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യങ്ങൾ ഭാവി ടെക്നോളജിക്കായി നിലകൊളളണം. അതിനായി നിക്ഷേപങ്ങൾ നടത്തണം. സൈബർ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തിരിമറികളും കണ്ടെത്തുന്നതിനായി വിശ്വസനീയമായ നിർമ്മാണമേഖലയും വിതരണക്കാരും ബുദ്ധിപരവും പ്രവർത്തനക്ഷമവുമായ സൈബർ സുരക്ഷയാണ് നമുക്ക് ആവശ്യം. ആഗോള വിവരശേഖരണത്തിലും നിയന്ത്രണം അവശ്യമാണെന്ന് അദ്ദേഹം വിശദമാക്കി.
ഡിജിറ്റൽ യുഗം എല്ലാത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകൾ തന്നെ പുനർനിർവചിക്കപ്പെട്ടു. രാജ്യസ്നേഹം, ഭരണനിർവഹണം, അവകാശങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും മാറ്റം സംഭവിക്കുന്നു. എല്ലാ മേഖലകളിലും ഉയരുന്ന ഭീഷണികൾ നേരിടാൻ നാം തയ്യാറാകണം. കാലഘട്ടത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

