കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ഹോട്ടലിലെ വിവാദ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ നശിപ്പിച്ചെന്നാണ് ഡി.ജെ.പാർട്ടി നടന്ന ഹോട്ടലിലെ ജീവനക്കാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ തുടങ്ങിയവരെയും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്.
രണ്ടു ദിവസങ്ങളിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടുവെന്നും തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഔഡി കാർ പിന്തുടർന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ റോയിയുടെ നിർദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഒരു ഡി.വി.ആറുമായി റോയി പോലീസിനു മുന്നിൽ ഹാജരായി. എന്നാൽ, ഹോട്ടലിൽനിന്ന് മാറ്റിയ ഒരു ഡി.വി.ആർ. മാത്രമായിരുന്നു എത്തിച്ചത്. പിന്നീട് ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി പോലീസ് വിട്ടയച്ചു. എന്നാൽ, ബുധനാഴ്ച രണ്ടാമത്തെ ഡി.വി.ആറില്ലാതെയാണ് റോയി എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. തുടർന്ന് നമ്പർ 18 ഹോട്ടലിൽ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഡിവിആർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

