ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നടപടികള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിയാല്‍ കാരണം രേഖപ്പെടുത്തണം. ഇത് കേന്ദ്ര പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഗാര്‍ഹിക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലപ്പോഴും വൈകാറുണ്ട്. അക്രമം ബന്ധുക്കള്‍ അറിയിക്കുന്നത് വൈകുന്നതാണ് കാരണം. ഇത്തരം സംഭവങ്ങളില്‍ എന്തുകൊണ്ട് വൈകി എന്നതിന് കാരണം രേഖപ്പെടുത്തണം.
പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങള്‍ മേഖല തിരിച്ച് ഹോട്സ്പോട്ട് ആക്കി സ്ത്രീസുരക്ഷക്ക് കര്‍ശന നടപടിയെടുക്കണം. ക്രൈം മാപ്പിംഗ് എന്നാണ് ഇതറിയപ്പെടുക. നിലവില്‍ ഡല്‍ഹിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. പരാതി പോലീസിന് മുന്നിലെത്തിയാല്‍ എഫ്ഐആറിട്ട് അന്വേഷിക്കാന്‍ ഒരിക്കലും വൈകരുതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്കെതിരായി നടപടിയെടുക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെങ്കിലും വിദേശ രാജ്യങ്ങളടക്കം സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് അവരുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കുന്ന സാഹചര്യമുണ്ട്. ഇതില്‍ കൃത്യമായ നിയന്ത്രണത്തിന് വേണ്ടിയാണ് കേന്ദ്ര ഇടപെടല്‍.
റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കുറ്റകൃത്യവും ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റവര്‍ക്ക് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തണം. ആനന്ദ് ശര്‍മ്മ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.

