ന്യൂഡൽഹി: ഇന്ത്യയിലെ ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സർവീസ് നൽകാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ 7,000 ഗ്രാമങ്ങളിൽ 4 ജി ഇന്റർനെറ്റ് സജ്ജീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് 4 ജി മൊബൈൽ സർവീസ് ഒരുക്കുന്നത്. ഏകദേശം 6,466 കോടി രൂപയുടേതാണ് പദ്ധതി.
ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത 44 ജില്ലകളിൽ നിന്നുള്ള ഏഴായിരത്തോളം ഗ്രാമങ്ങളിൽ 4 ജി മൊബൈൽ ടവറുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ഇ ഗവേണൻസ് പ്രയോജനപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചില പ്രദേശങ്ങളിൽ മാവോയിസ്റ്റുകളുടെ പ്രവൃത്തി മൂലം തകർന്ന റോഡുകളുടെ പുനർനിർമ്മാണം പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വനവാസികൾക്ക് തീരുമാനം പ്രയോജനപ്രദമാകും. വന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും നദീ തീരങ്ങളിലൂടെയുമുള്ള റോഡുകളുടെ പുനർനിർമ്മാണവും പദ്ധതിയിലൂടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

