കൊച്ചി : ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിന് എത്തിച്ച ശർക്കരയിൽ ഹലാൽ മുദ്ര പതിപ്പിച്ചെന്ന ആരോപണത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. വിഷയത്തിൽ നാളെ നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടും സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശർക്കര പാക്കറ്റുകളിൽ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിതെന്നും അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശർക്കര ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോർഡ് വാക്കാൽ കോടതിയോട് വിശദമാക്കി. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങൾ ശബരിമലയിൽ ഉപയോഗിയ്ക്കാൻ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോർഡ് ലംഘിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ജെ ആർ കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാൽ മുദ്രപതിച്ച ശർക്കര കുറഞ്ഞ വിലയ്ക്ക് ബോർഡിന് ലഭിച്ചതെന്നും ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര ഉപയോഗിച്ച് പ്രസാദം നിർമ്മിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്ന ആവശ്യവും ഹർജിയിൽ ജെ ആർ കുമാർ ഉന്നയിക്കുന്നുണ്ട്.
അതേസമയം ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പത്ത് ഇടത്താവളങ്ങളിലാണ് ക്രമീകരണമൊരുക്കിയിരിക്കുന്നതെന്നും മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി ദർശനം നടത്താമെന്നും സർക്കാർ വ്യക്തമാക്കി. വെർച്വൽക്യൂവിന് പുറമെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു.ആധാർകാർഡ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ സ്‌പോട്ട് ബുക്കിംഗിനായി ഉപയോഗിക്കാം. 72 മണിക്കൂർ മുമ്പ് എടുത്ത പാർട്ടി പിസിആർ ഫലം അല്ലെങ്കിൽ രണ്ട് വാക്‌സിനേഷൻ രേഖകൾ ഹാജരാക്കണമെന്നും വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദമാക്കി.

