ലഖിംപൂര്‍ കേസ്: വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണ ചുമതലയേല്‍പ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജെയിനിനെയാണ് നിയമിച്ചത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുപി സര്‍ക്കാരിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നടപടി. അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടിയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സുപ്രീംകോടതി നേരിട്ട് ഉള്‍പ്പെടുത്തി. ഉത്തര്‍പ്രദേശുകാരല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരായ സിരോദ്കര്‍, ദീപീന്ദര്‍ സിംഗ്, പത്മ ചൗഹാന്‍ എന്നിവരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കേസിലെ കുറ്റപത്രം നല്‍കിയ ശേഷമായിരിക്കും ഇനി കേസ് സുപ്രീംകോടതി പരിഗണിക്കുക.

പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.