ദേശീയപാത 66 ആറ് വരിയാക്കും; ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത 66ല്‍ കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ ആറ് വരി പാത ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത-66 പരിപൂര്‍ണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതല്‍ സുഗമവും സുരക്ഷിതവും ആകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പനവേല്‍-കന്യാകുമാരി ദേശീയപാത-66 കേരളത്തില്‍ 6 വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനായി 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്.

ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരം ഭൂവുടമകള്‍ക്ക് നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.