തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയില്‍ തലസ്ഥാനത്തിന്റെ പല ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുമ്പോഴും സുരക്ഷിതരായി തമ്പാനൂരും കിഴക്കേക്കോട്ടയും. മെയ് മാസം ഉണ്ടായ മഴയില്‍ ഈ രണ്ട് സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കാന്‍ തുടങ്ങിയതും ഓടകള്‍ വൃത്തിയാക്കിയതും. ആമയിഴഞ്ചാന്‍ തോടിന്റെ പുനരുജ്ജീവന പദ്ധതി നടപ്പാക്കാന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു.
അങ്ങനെ തോടിലെ പായലും മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനൊപ്പം കണ്ണമ്മൂല പാലം മുതല്‍ നെല്ലിക്കുഴി പാലം വരെ സംരക്ഷണഭിത്തി നിര്‍മാണം, സീവേജ് പൈപ്പുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 25 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു എന്നാല്‍, 30 ശതമാനം അധിക തുക കൂടി പിന്നീട് അനുവദിച്ചു. റെയില്‍വേ സ്റ്റേഷനകത്തു കൂടി കടന്നു പോകുന്ന ഓടയില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തതും ശ്രീചിത്രാ ഹോമിന് സമീപത്തെ തോട്ടിലെ തടസങ്ങള്‍ മാറ്റിയതും പുത്തരിക്കണ്ടത്തെ ഓവര്‍ഫ്‌ളോ ഡക്ടില്‍ മാലിന്യം അടിയാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതും ഇത്തവണ ഗുണമായി ഭവിച്ചു.
ആറുവര്‍ഷം മുമ്പ് കൊണ്ടുവന്ന ‘ഓപ്പറേഷന്‍ അനന്ത’ യുടെ രണ്ടാംഘട്ടം നടക്കാതായതോടെയാണ് വേനല്‍മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ടുണ്ടായത്. നിശ്ചിത ഇടവേളകളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളോ മാലിന്യം നീക്കലോ അന്ന് ഉണ്ടായിരുന്നില്ല.

