പാരീസ്: യൂറോപ്പ്, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ ആശങ്ക വിതച്ച് പക്ഷിപ്പനി പടരുന്നു. ചൈനയില്‍ 21 പേരിലാണ് എച്ച് 5 എന് 6 പനി സ്ഥിരീകരിച്ചത്. രാജ്യത്തെ ഒരു ഫാമില്‍ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കി. ഈ മുന്ന് രാജ്യങ്ങളിലും സമീപ നാളുകളിലായി പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് പറഞ്ഞു.
യൂറോപ്പില്‍ നോര്വേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന് 1 പനി റോഗല്ലാന്‍ഡ് മേഖലയിലെ 7,000 പക്ഷികളില് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ ബെല്‍ജിയം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കി. ജപ്പാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലും രോഗം കണ്ടെത്തിയതായി ജപ്പാന്‍ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷിപ്പനിയെത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തില്‍ പൗള്‍ട്രി മേഖലയിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

