പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്; പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ ബിജെപി

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് കാർട്ടൂണിനെതിരെ രംഗത്തെത്തിയത്. കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധം ഉയരാൻ കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചിരിക്കുന്നത്.

മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്‌നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്നു കരുതേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.