ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശഭരിതരാക്കുന്ന മഞ്ഞപ്പട ഖത്തറിലും സാന്നിധ്യമറിയിക്കും. ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിക്കഴിഞ്ഞിരിക്കുകയാണ്. ലാറ്റിനമേരിക്കയില്‍നിന്ന് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമാണ് ബ്രസീല്‍. കൊളംബിയയെ ഒറ്റ ഗോളിന് തോല്‍പ്പിച്ചാണ് കാനറികള്‍ യോഗ്യത നേടിയത്. 12 കളിയില്‍ 11 ലും ജയിച്ച് 34 പോയിന്റുമായാണ് ബ്രസീലിന്റെ മുന്നേറ്റം. ഒറ്റക്കളിയിലും തോല്‍വി നേരിട്ടിട്ടില്ല. രണ്ടാമതുള്ള അര്‍ജന്റീനയ്ക്ക് 11 കളിയില്‍ 25 പോയിന്റാണ്. ലാറ്റിനമേരിക്കയില്‍നിന്ന് അഞ്ചു ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്.
ലോകകപ്പിന്റെ എല്ലാ പതിപ്പിലും കളിച്ച ഏക ടീമാണ് ബ്രസീല്‍. 1930 ഉറുഗ്വേ തൊട്ട് 2022 ഖത്തര്‍ ലോകകപ്പ് ഉള്‍പ്പെടെ 22 ടൂര്‍ണമെന്റുകളിലും മഞ്ഞപ്പടയുടെ സാന്നിധ്യമുണ്ട്. ജര്‍മനിയാണ് (20) തൊട്ടുപിറകില്‍. അടുത്തവര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ആദ്യമേ പങ്കാളിത്തം ഉറപ്പിച്ചപ്പോള്‍ ജര്‍മനിയും ഡെന്‍മാര്‍ക്കും ബ്രസീലിനു മുമ്പേ യോഗ്യത നേടി.
കൊളംബിയക്കെതിരെ സ്വന്തം തട്ടകത്തിലായിരുന്നു ബ്രസീലിന് പോരാട്ടം. മുന്നേറ്റത്തില്‍ നെയ്മറിനൊപ്പം റാഫീന്യയും ഗബ്രിയേല്‍ ജെസ്യൂസുമായിരുന്നു. പരിശീലകന്‍ ടിറ്റെയ്ക്കുകീഴില്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തിയത്. 12 മത്സരത്തില്‍ അടിച്ചത് 27 ഗോള്‍. വഴങ്ങിയതാകട്ടെ നാലെണ്ണം മാത്രം. ബുധനാഴ്ച അര്‍ജന്റീനയുമായാണ് അടുത്ത കളി. കൊളംബിയക്കെതിരെ ബ്രസീലിനായി ടിറ്റെ 50–ാംജയം കുറിച്ചു. ആകെ 67 കളിയില്‍ 50 ജയമുണ്ട്. 12 സമനിലയും. അഞ്ച് കളിയില്‍ മാത്രമാണ് ടിറ്റെയ്ക്കുകീഴില്‍ തോറ്റത്. 2016 മുതല്‍ ടീമിന്റെ പരിശീലകനാണ് ഈ അറുപതുകാരന്‍.

