ന്യൂഡൽഹി: കോവിഡ് കാലത്ത് സ്‌പെഷ്യൽ എന്ന പേരിൽ സർവ്വീസ് നടത്തിയിരുന്ന ട്രെയിനുകൾ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന ഈ ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നിർത്തലാക്കാൻ തീരുമാനിച്ചത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ ഉത്തരവിറക്കി.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതിന് ശേഷം ഇന്ത്യൻ റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികളും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് സർവ്വീസ് നടത്തിയത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ട്രെയിനുകൾ സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ചൂണ്ടിക്കാട്ടി സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് കത്തയച്ചു. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ സർവ്വീസുകൾ പഴയ സ്ഥിതിയിലേക്ക് മാറാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തുമ്പോൾ ആദ്യ നമ്പർ പൂജ്യത്തിലാണ് തുടങ്ങിയിരുന്നത്. ഇനി ഇതിലും മാറ്റം ഉണ്ടാകും.

