അരുണാചൽ പ്രദേശിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം 100 വീടുകൾ അടങ്ങിയ ഗ്രാമം ചൈന സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അരുണാചലിലെ അതിർത്തി പ്രദേശത്ത് അനധികൃതമായി ചൈന നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ അവകാശ വാദങ്ങൾ ഒന്നും തന്നെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും ഇക്കാര്യം വീണ്ടും ചൈനീസ് സർക്കാരിനെ ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നൂറോളം വീടുകൾ നിർമ്മിച്ചതായുള്ള വിവരങ്ങൾ പെന്റഗണാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതായി അരുണാചൽ സർക്കാരിന്റെ പ്രതിനിധികളും അറിയിച്ചു. ചൈനീസ് നിയന്ത്രണത്തിന് കീഴിൽ വരുന്ന ടിബറ്റിനും അരുണാചൽ പ്രദേശിനും ഇടയിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് കിഴക്ക് ഭാഗത്തയാണ് ചൈനയുടെ കടന്നുകയറ്റം. ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയിലുള്ള മക്മോഹൻ അതിർത്തി കടന്നാണ് ചൈന നൂറോളം സൈനിക താവളങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് അമേരിക്ക പുറത്തു വിട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

യുഎസ് പ്രതിരോധ വിഭാഗം സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് സൈനിക സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. സ്വതന്ത്രഭരണ പ്രദേശമായ ടിബറ്റിനും ഇന്ത്യയ്ക്കു കീഴിലുള്ള അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്കഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2020-ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തർക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നും ഇന്ത്യ-ചൈന സംഘർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുവെന്നും പെന്റഗൺ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.