മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയ നടപടിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ലെന്നും മറിച്ച് നീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നെങ്കിലുമൊരു കാലത്ത് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായംഗങ്ങളായിരുന്നു ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകുന്നതിൽ പ്രതിഷേധവുമായി ഐഎൻഎൽ രംഗത്തെത്തിയിരുന്നു. അതസമയം പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎല്ലിന്റെ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണി ഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും സിപിഎമ്മിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ് ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത്.
കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് മുഹമ്മദ് ഇക്ബാലിനെ നിയമിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിൽ തീരുമാനിച്ചിക്കുന്നത്. വിവാദങ്ങളിൽ നിന്നും രക്ഷ നേടുക എന്ന ഉദ്ദേശത്തോടെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ വ്യക്തിയാണ് മുഹമ്മദ് ഇക്ബാൽ.

