ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകൾ അറിയിക്കും; വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ

തിരുവനന്തപുരം: എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ അറിയിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകൾ അറിയിക്കുമെന്നും ശശി തരൂർ പറഞ്ഞു. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൽ കെ അദ്വാനിയ്ക്ക് ജന്മദിനാശംസ അറിയിച്ചതിന് സാമൂഹിക മാദ്ധ്യമങ്ങളിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്‌നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്‌നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം വിശദമാക്കി.

ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്. അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി താനെഴുതുന്നത് താൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. തന്നെ വായിക്കാത്തവർക്ക് തന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി താൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.