സംസ്ഥാനത്തെ നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളും വന്‍ നഷ്ടത്തില്‍: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ആധുനികവല്‍ക്കരണത്തിന് സ്വകാര്യ പങ്കാളിത്തം വേണ്ടി വരുമെന്ന് വ്യക്തമാക്കിയതിന് പുറമെ സംസ്ഥാനത്ത് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളും വന്‍ നഷ്ടത്തിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇലക്ട്രിക് ബസ് നിരത്തിലിറക്കാന്‍ 2018ല്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ മുന്‍കൈ എടുത്ത് സ്വകാര്യ കമ്പനിയുമായി 10 വര്‍ഷത്തേക്ക് കരാറിലെത്തിയിരുന്നു. എന്നാല്‍, ബസുകള്‍ നഷ്ടത്തിലായതിനാല്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 10 ബസുകളില്‍ 8 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല മന്ത്രി പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസ് ഓടിക്കാന്‍ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍, ഇതിലൂടെയുള്ള വരുമാനമായി കിലോമീറ്ററിന് 38 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതിനാല്‍ നിലവില്‍ ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.