കാലാവസ്ഥാ വ്യതിയാനം; അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളും ദുരന്തങ്ങളും പഠിക്കാൻ തിരുവനന്തപുരത്ത് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റീബിൽഡ് കേരളയടക്കം ഒട്ടേറെ പദ്ധതി ഈ ദിശയിലുള്ളതാണ്. 2035 ഓടെ കാർബൺ ന്യൂട്രൽ കേരളം പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയെ നിയോഗിക്കുമെന്നും കർമപദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സമിതിയുടെ ആദ്യ യോഗം നവംബർ 19 ന് ചേരും.1850 – 1900ലേക്കാൾ 2011 – 2020 ൽ താപനില വർധന ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കേരള തീരദേശത്തിന്റെ ചില ഭാഗം 2150 ഓടെ ജലനിരപ്പ് ഉയർന്ന് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനം ഡിസംബറിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.